
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിൽ അന്തരീക്ഷ താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെ ചൂട് കൂടും. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37ഡിഗ്രി വരെയും താപനിലയെത്തും. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയാകുമെന്നാണ് മുന്നറിയിപ്പ്.
സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.











